പൊന്നാനി കോടതിക്ക് സ്വന്തം കെട്ടിടം വരുന്നു; 70 സെൻറ് സ്ഥലത്തിന് ഉപയോഗാനുമതി

പൊന്നാനി കോടതി കെട്ടിട സമുച്ചയം
പൊന്നാനി: പരിമിതികളുടെ നടുവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി കോടതിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കോടതി കെട്ടിട സമുച്ചയത്തിലെ 70 സെൻറ് സ്ഥലത്തിന് ഉപയോഗാനുമതി നൽകി റവന്യൂ വകുപ്പ്. സ്ഥലം വിട്ടുകിട്ടാനുള്ള തീരുമാനത്തെതുടർന്ന് ജില്ല ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. നേരത്തെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിട സമുച്ചയ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിക്കുക.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പഴയ കോടതി സമുച്ചയം നിന്നിരുന്ന സ്ഥലം ജുഡീഷ്യറി ഡിപ്പാർട്ട്മെന്റിന് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്. സ്ഥലം ജുഡീഷ്യറി ഡിപ്പാർട്ട്മെൻറിന് വിട്ട് കിട്ടിയാലുടൻ പുതിയ കെട്ടിടം നിർമിക്കാനാണ് ആലോചന. അതേസമയം, പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൗരാണിക കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നതിനാൽ പ്രതിഷേധം ശക്തമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പഴയ കെട്ടിടം അറ്റകുറ്റ പണികൾ നടത്തി പൗരാണിക മാതൃകയെന്ന നിലയിൽ നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പഴയ കോടതി കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് കോടതി പ്രവർത്തനം താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
സ്ഥലപരിമിതി മൂലം ഏറെ പ്രയാസമാണ് ഇവിടെയുള്ളത്. ഈ കെട്ടിടത്തിലുണ്ടായിരുന്ന പൊന്നാനി കോടതി, ഫിഷറീസ് ഓഫീസ്, ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവ നിലവിൽ താൽക്കാലിക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുമ്പോൾ ഈ ഓഫിസുകളെല്ലാം ഇങ്ങോട്ട് തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.
