ഷർട്ടിന്റെ കീശയിലും ഇരുമുടിക്കെട്ടിലും ഫോൺ ഒളിപ്പിച്ച് ചിത്രീകരണം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രവണത വർധിക്കുന്നു, നിരീക്ഷണം ശക്തമാക്കി പൊലീസ്

ശബരിമല: ശബരിമല ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളിപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വിഡിയോയും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് വർധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. വിലക്ക് ലംഘിച്ച് ചിത്രീകരിക്കുന്നവരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമ നടപടിയിലേക്ക് കടക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ശബരിമല സന്നിധാനം ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം എന്നിവിടങ്ങളിലും മാളികപ്പുറത്തും മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് കേരള ഹൈകോടതിയും കർശനമായി വിലക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാനും വ്ലോഗുകൾ തയാറാക്കാനുമാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനും ദൃശ്യങ്ങൾ എടുക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ദർശനത്തിനായി നടയിൽ എത്തുന്നതിന് മുമ്പ് മൊബൈൽ ഫോണിലെ വിഡിയോ തുറന്ന് ഷർട്ടിന്റെ മുൻവശത്തെ കീശയിലോ ഇരുമുടി കെട്ടിലോ ഒളിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് യൂട്യൂബർമാർ ചിത്രീകരണം നടത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് പിന്നീട് ചിത്രീകരണം അനുവദനീയമായ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കൂടി എഡിറ്റ് ചെയ്ത് ചേർക്കും. തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കും. ലൈക്കും, ഷെയറും ലഭിക്കാൻ വേണ്ടിയാണ് യൂട്യൂബർമാർ ഇങ്ങിനെ ചെയ്യുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ക്ഷേത്രാചാരങ്ങൾക്കും സുരക്ഷക്കും ഭീഷണിയാകുന്ന ചിത്രീകരണത്തിനെതിരെ പൊലീസും ദേവസ്വം ബോർഡും കർശന നടപടി കർശനമാക്കി. ശബരിമല നട അടച്ച സമയത്തെ വിഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച റാന്നി സ്വദേശിയായ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടയച്ചശേഷമുള്ള ശബരിമലക്കാഴ്ച എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. പിന്നീട് വിഡിയോ നീക്കം ചെയ്തു. രണ്ട് വർഷം മുമ്പ് തമിഴ്‌നാട് സ്വദേശി അയ്യപ്പ വിഗ്രഹം ചിത്രീകരിച്ച് ശബരിമലയിൽ തന്നെ വിൽപന നടത്താൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു.

നിയന്ത്രണങ്ങൾ

  • ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധം.
  • സോപാനത്ത് നിന്ന് ചടങ്ങുകൾ പകർത്തരുത്.
  • മേൽത്തിരുമുറ്റത്ത് ഫോട്ടോ, വിഡിയോ ചിത്രീകരിക്കാനോ പാടില്ല.
  • ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ളവക്ക് നിരോധനം.
  • അംഗീകൃത മാധ്യമ പ്രവർത്തകർക്ക് നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മാത്രമേ ചിത്രീകരണത്തിന് അനുമതിയുള്ളൂ.