Sunday, 29 November 2026
The Journal Unfolding The Truth
Latest

വായനയിൽ അത്ഭുതപ്പെടുത്തിയ എഴുത്ത്; മേതിൽ രാധാകൃഷ്ണനെ പ്രശംസിച്ച് വിഡി സതീശൻ, എഴുത്തച്ഛൻ പുരസ്കാരം സമർപ്പിച്ചു

കോഴിക്കോട്: മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് സമർപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുരസ്കാരത്തിനൊപ്പം പ്രശസ്തിപത്രവും സമ്മാനത്തുകയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി.

ഒരു സാധാരണ വായനക്കാരന് ഭാഷാപിതാവിന്റെ നാമധേയത്തിലുള്ള പുരസ്കാരം സമർപ്പിക്കാൻ കഴിയുന്നത് വലിയ ഭാഗ്യവും നിയോഗവുമാണെന്ന് പുരസ്കാര സമർപ്പണത്തിന് ശേഷം സതീശൻ പറഞ്ഞു.

മുത്തശ്ശിമാർ വായിച്ചു കേട്ട രാമായണവും പുരാണകഥകളുമാണ് എല്ലാവരുടെയും തുടക്കമെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമിപ്പിച്ചു.

അമ്മയുടെ മടിയിൽ കിടന്ന് വാത്സല്യത്തോടെ കേട്ട കഥകളാണ് വായനയിലേക്കും എഴുത്തിലേക്കും നയിച്ചതെന്നും, ഇന്നത്തെ തലമുറക്ക് മുത്തശ്ശിക്കഥകൾ പറഞ്ഞുകൊടുക്കുന്നുണ്ടോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തിലെ മൗലികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, മുമ്പ് വായിച്ച രചനകളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനശൈലിയും ഭാഷയിലെ പുതുമയുമാണ് മേതിൽ രാധാകൃഷ്ണന്റെ കൃതികളെ വേറിട്ടുനിർത്തുന്നതെന്ന് അഭിപ്രായപ്പെട്ടു.

‘ആദ്യം അദ്ദേഹത്തിന്റെ കൃതികൾ വായിച്ചപ്പോൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നോവലിലും ചെറുകഥയിലും സയൻസും ശാസ്ത്രവും ഫിലോസഫിയും എല്ലാം മനോഹരമായി കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രകൃതിയിലേക്കുള്ള സൂക്ഷ്മനിരീക്ഷണവും ശാസ്ത്രവും തത്വചിന്തയും ഇഴചേര്‍ന്നതാണ് മേതിലിന്റെ കൃതികള്‍. മലയാള സാഹിത്യത്തില്‍ പുതിയ കാഴ്ചപ്പാടും ആഖ്യാനരീതിയും രചനാശൈലിയും കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.

രാഷ്ട്രീയത്തിലും സാഹിത്യത്തിലും വിമര്‍ശനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുണ്ട്. പുനര്‍വായനക്ക് ഏറെ സാധ്യതയുള്ളതാണ് മേതിലിന്റെ രചനകളെന്നും അവ ഒന്നുകൂടി വായിക്കേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു.

എഴുത്തച്ഛനാണ് മലയാള ഭാഷയിലെ ഏറ്റവും ആധുനികനായ എഴുത്തുകാരനെന്ന് മേതിൽ രാധാകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ പക്ഷപാതിത്വം ഇല്ലാതെ പുരസ്‌കാരം തന്നവരോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പ​ങ്കെടുത്തു.

More from Kerala

More →