വഴങ്ങാതെ ചക്കക്കൊമ്പൻ; ജനുവരിയിൽ ദൗത്യം വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്

തൊടുപുഴ: ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്. നിലവിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ദൗത്യത്തിന് തടസ്സമായതെന്നും അത് മുന്നില്‍ക്കണ്ട് പുല്ല് ഉണങ്ങി കാഴ്ച കൂടുതല്‍ തെളിയുന്ന ഘട്ടത്തില്‍ ദൗത്യം പുനരാരംഭിക്കാനാണ് നീക്കമെന്ന് അധികൃതർ അറിയിച്ചു.
ആദ്യ മിഷനില്‍ വന്ന പിഴവുകള്‍ തിരുത്തിയാകും അടുത്ത മിഷൻ. മയക്കുവെടിയേറ്റ ശേഷം ആന വെള്ളത്തിലിറങ്ങിയ സാഹചര്യം എങ്ങിനെ മറികടക്കാമെന്നതിനെപ്പറ്റിയും ഗൃഹപാഠം ചെയ്യുമെന്നും ഇതിനായി ചക്കക്കൊമ്പന്റെ സഞ്ചാരപാതയടക്കം നിരീക്ഷിക്കും. ആന ജനവാസ മേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ നിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും തുടരുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍ പറഞ്ഞു.
ചക്കകൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമായിരുന്നു മൂന്നാം ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച രാവിലെ മുതൽ അനുകൂല കാലാവസ്ഥയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ ദൗത്യം തുടങ്ങിയിരുന്നു.
അതിരാവിലെ ഒരു പ്രദേശവാസിയുടെ പറമ്പിൽ കൃഷിനാശം വിതച്ച ചക്കകൊമ്പൻ ഇടിക്കുഴിയിൽ നിന്നും പിന്നീട് ജലാശയത്തിന്റെ അരികിലേക്ക് നീങ്ങി. ആനയിറങ്കൽ ഡാമിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്തേക്ക് പോയ കൊമ്പൻ ഒരു മണിക്കൂറിനു ശേഷമാണ് മറയൂർ കുടി ഭാഗത്തെ കരയിലേക്ക് നീങ്ങിയിരുന്നത്. മൂന്നേകാലോടെ 301 കോളനിക്ക് സമീപത്തെ അംഗൻവാടിയിലെത്തിയതും കാത്തിരുന്ന ദൗത്യസംഘം ആദ്യമയക്കുവെടി ഉതിർത്തു. എന്നാൽ, പിന്നീടുള്ള കാര്യങ്ങൾ വനം വകുപ്പിന് വലിയ ആശങ്കയിലാഴ്ത്തുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്.
ആന പൂർണമായും മയങ്ങിയില്ലെന്ന് മാത്രമല്ല ജലാശയത്തിന്റെ അടുത്തേക്ക് നീങ്ങിയത് നെഞ്ചിടിപ്പ് കൂട്ടി. ആദ്യ ഡോസിന് ശേഷം അരമണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഡോസും നൽകി. രണ്ട് ഡോസ് മയക്കുവെടിയിലും ചക്കക്കൊനമ്പൻ മയങ്ങാതെ നിലയുറപ്പിച്ചു. ദൗത്യ സംഘം ആനയുടെ പിന്നാലെ തന്നെ നിലയുറപ്പിച്ചു. പിന്നീട്, മയക്കുവെടിയേറ്റ കൊമ്പൻ അണക്കെട്ടിലെ ജലാശയത്തിലേക്ക് ഇറങ്ങിയത് ദൗത്യസംഘത്തിലും നാട്ടുകാരിലും വലിയ ആശങ്ക സൃഷ്ടിച്ചു.
ജലാശയത്തിൽ വെച്ച് ആനയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ, ആന സുരക്ഷിതമായി വീണ്ടും കരയിലേക്ക് നീന്തി കയറി. കരക്ക് കയറിക കൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരുന്ന ദൗത്യ സംഘങ്ങൾക്ക് നേരെയും പാഞ്ഞടുത്തു. തുടർന്ന് ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംഘം തീരുമാനിച്ചു. അഞ്ചരയോടെ കുങ്കി ആനകളെ ചക്കക്കൊമ്പന് അടുത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
രണ്ട് മയക്ക് വെടി നൽകിയതിനാൽ ദൗത്യം തുടരുമെന്ന നിലപാടിലേക്ക് ദൗത്യം സംഘം എത്തി. ആന ജലാശയത്തിന് സമീപം തന്നെ നിലയുറപ്പിച്ചതോടെ ദൗത്യം തുടരാനുള്ള സജ്ജീകരണങ്ങളും വനം വകുപ്പ് തയാറാക്കിയിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ മൂലം താൽകാലികമായി ദൗത്യം അവസാനിപ്പിച്ചതായി വനം വകുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
