ഇതിഹാസങ്ങളുടെ ആദ്യ കളരിയിൽ ആതിഖ

സിംഗപ്പൂർ: റേസിങ് പ്രതിഭയായ ഇന്ത്യൻ ബാലിക ആതിഖ മിർ പ്രമുഖ ടീമായ കാർട്ട് റിപ്പബ്ലിക്കുമായി കരാറൊപ്പിട്ടു. യൂറോപ്യൻ കാർട്ടിങ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളെത്തുടർന്നാണ് ജമ്മു-കശ്മീരിലെ ശ്രീനഗർ സ്വദേശിയായ 11കാരി കാർട്ട് റിപ്പബ്ലിക്കിലെത്തുന്നത്. അടുത്ത രണ്ട് സീസണുകളിൽ 12-14 പ്രായപരിധിയിലുള്ളവർക്കായുള്ള ഒ.കെ ജൂനിയർ (ഒ.കെ.ജെ) വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരവും ഇതിലൂടെ ആതിഖക്ക് കൈവന്നു. ഫോർമുല വൺ ലോക ചാമ്പ്യന്മാരെ വാർത്തെടുക്കുന്നതിൽ വിഖ്യാതനായ ഇറ്റാലിയൻ മോട്ടോർ സ്പോർട്ട് വിദഗ്ധൻ ഡിനോ ചീസയുടെ ഉടമസ്ഥതയിലുള്ള ടീമാണ് കാർട്ട് റിപ്പബ്ലിക്. മോട്ടോർ സ്പോർട്സിന്റെ ഏറ്റവും അടിസ്ഥാന രൂപമായ കാർട്ടിങ്ങിലൂടെയായിരുന്നു മിക്ക ഇതിഹാസ ഡ്രൈവർമാരുടെയും രംഗപ്രവേശം.
ലോക ചാമ്പ്യന്മാരായ ലൂയിസ് ഹാമിൾട്ടൺ, നിക്കോ റോസ്ബെർഗ് എന്നിവരുടെ കരിയറിന്റെ തുടക്കത്തിൽ അവരെ പരിശീലിപ്പിച്ചത് ചീസയായിരുന്നു. നിലവിലെ എഫ് വൺ താരങ്ങളായ ലാൻഡോ നോറിസ്, ജോർജ് റസ്സൽ, ഓസ്കാർ പിയാസ്ട്രി, കിമി അന്റോണെല്ലി എന്നിവരെല്ലാം കാർട്ട് റിപ്പബ്ലിക്കിലൂടെ വളർന്നുവന്നവരാണ്. ഇന്ത്യയിലെ ആദ്യ ദേശീയ കാർട്ടിങ് ചാമ്പ്യൻ ആസിഫ് മിറിന്റെ മകളായ ആതിഖ അന്താരാഷ്ട്ര തലത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫോർമുല വൺ അക്കാദമിയുടെ ‘ഡിസ്കവർ യുവർ ഡ്രൈവ്’ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയും ഏഷ്യൻ വനിതയുമാണ്. തന്റെ പ്രായപരിധിയിലുള്ള ലോകത്തിലെ നമ്പർ വൺ വനിത കാർട്ടിങ് ഡ്രൈവറുമാണ് ആതിഖ.
‘‘കാർട്ടിങ് റിപ്പബ്ലിക്കിൽ ചേരുന്നതിലും പുതിയ അധ്യായം ആരംഭിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. ഇത് എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരമാണ്. ടീമിനൊപ്പം പ്രവർത്തിക്കാനും, കഴിയുന്നത്ര പഠിക്കാനും, കൂടുതൽ കരുത്തയായ ഡ്രൈവറാകാൻ എന്നെത്തന്നെ പ്രേരിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്നെ പിന്തുണക്കുന്നത് തുടരുന്ന എല്ലാവരോടും ഞാൻ നന്ദിയുള്ളവളാണ്’’ -ആതിഖ പറഞ്ഞു. അതിഖക്ക് അസാധാരണമായ വേഗതയുണ്ടെന്നും ഇന്ത്യക്കുവേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ കഴിയുമെന്നും കരുതിയാണ് തന്റെ ടീം അവരെ ഒപ്പിട്ടതെന്നും ചീസ വ്യക്തമാക്കി. “കഴിഞ്ഞ രണ്ടുവർഷമായി ഞാൻ ആതിഖയെ ട്രാക്ക് ചെയ്തിട്ടുണ്ട്. മിനി കാർട്ടിലും ബിഗ് കാർട്ടിലും അവൾ വേഗത പ്രകടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഡ്രൈവർമാരിൽ ഒരാളാണ് അവൾ. സാധ്യതയനുസരിച്ച്, അവൾക്കുമുന്നിൽ ഒരു വലിയ കരിയറുണ്ട്. ഇതിലും മികച്ചവളാകാൻ കഴിയും. ശരിയായ സമയത്ത് നിങ്ങൾ ശരിയായ നീക്കം നടത്തണം. അവൾക്ക് 11 വയസ്സ് മാത്രമേയുള്ളൂവെന്ന് മറക്കരുത്”-ചീസ കൂട്ടിച്ചേർത്തു.
