തിരൂരങ്ങാടിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 14കാരന്‍ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയറെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസിൽ മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സ്ഥലത്ത് യൂത്ത് ലീഗ് പ്രതിഷേധിക്കുകയാണ്. ചെറുമുക്ക് വെസ്റ്റ് എറപ്പറമ്പൻ ശിഹാബ്-അസീന ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ജിനൈദാണ് മരിച്ചത്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ചെറുമുക്ക് സുന്നത്ത് നഗർ മമ്പഉൽ ഉലൂം മദ്രസ പത്താം തരം വിദ്യാർഥിയുമാണ്.

ഞാ‍യറാഴ്ച രാവിലെ പത്തരയോടെ ചെറുമുക്ക് വെസ്റ്റിലെ ആമ്പൽ പാടത്തായിരുന്നു ദാരുണമായ സംഭവം. രാവിലെ മദ്റസ പഠനം കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം ജുനൈദും നാല് സുഹൃത്തുക്കളും ചേർന്ന് പാടത്ത് കൃഷിക്കായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാൻ പോയതായിരുന്നു. സുഹൃത്തുക്കൾ ആദ്യം വയലിലേക്ക് ഇറങ്ങുകയും പിന്നാലെ ജുനൈദ് ഇറങ്ങുകയുമായിരുന്നു.

സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെ വയലിൽ കാൽവഴുതി വീണ ജുനൈദ് തൊട്ടടുത്ത വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ പിടിച്ചതോടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ജുനൈദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് കുട്ടിയുടെ മരണത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈന്‍മെന്റ് തെറ്റി ഹൈവോള്‍ട്ടേജ് ലൈനില്‍ തൊട്ടുനില്‍ക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.