‘ഇന്‍ഡോകോളിയ’; കാവുകളില്‍ നിന്ന് പുതിയ അപുഷ്പി സസ്യം

തേഞ്ഞിപ്പലം: കാസര്‍കോട് ജില്ലയിലെ ഇടയിലക്കാട് കാവ്, കോഴിക്കോട് ജില്ലയിലെ പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ വളരുന്ന പുതിയ അപുഷ്പി സസ്യത്തെ തിരിച്ചറിഞ്ഞ് കാലിക്കറ്റിലെ ഗവേഷകസംഘം. ഇന്ത്യയില്‍ നിന്നുള്ളത് എന്ന അര്‍ഥത്തില്‍ ‘ഇന്‍ഡോകോളിയ’ എന്നാണ് പേരിട്ടത്. മുഴുവന്‍ പേര് ‘ഇന്‍ഡോകോളിയ ദേവേന്ദ്രേ’ എന്നാണ്. മരത്തടിയില്‍ വളരുന്ന ഫെല്ലിനസ് ഫാസ്റ്റുഓസസ് (Phellinus fastuosus) എന്ന ഒരു കൂണിന്റെ മുകളിലാണ് ഇത് വളരുന്നത്. ഇന്ത്യയില്‍ നിന്ന് കണ്ടെത്തുന്ന അഞ്ചാമത്തെ ബ്രയോഫൈറ്റ് ജനുസാണിത്. 2023 ല്‍ സസ്യഗവേഷക സംഘം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കാവുകളിലെ ബ്രയോഫൈറ്റ് സസ്യങ്ങളുടെ വൈവിധ്യത്തെക്കുറിച്ചുള്ള പഠനം നടത്തി ഇവയെ കണ്ടെത്തിയിരുന്നു.
ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദേവേന്ദ്രകുമാര്‍ സിംഗിനോടുള്ള ആദരമായി സിലിന്‍ഡ്രോകോളിയ ദേവേന്ദ്രേ’ എന്ന് പേരിട്ട ആ ബ്രയോഫൈറ്റ് സ്പീഷിസിനെക്കുറിച്ചുള്ള തുടര്‍പഠനങ്ങളിലാണ് ഇത് ’സിലിന്‍ഡ്രോകോളിയ’ ജീനസ് അല്ലെന്നും പുതിയ ജീനസാണെന്നും സ്ഥിരീകരിച്ചത്. ഇഗ്ലണ്ടില്‍ നിന്നുള്ള ‘ജേര്‍ണല്‍ ഓഫ് ബ്രയോളജി’യുടെ ജൂണ്‍ ലക്കത്തില്‍ ’ഇന്‍ഡോകോളിയ’യുടെ സചിത്ര വിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യശാസ്ത്ര ഗവേഷക വിദ്യാർഥികളായ പി.എം. വിനീഷ, ഒ.എം. ശ്രുതി, പി.പി. നിഷിദ, അധ്യാപകരായ ഡോ. മഞ്ജു. സി. നായര്‍ (കാലിക്കറ്റ് സര്‍വകലാശാല), ഡോ. കെ.പി. രാജേഷ് (ഗുരുവായൂരപ്പന്‍ കോളജ്, കോഴിക്കോട്) എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം.
കണ്ണൂര്‍ ജില്ലയിലെ ആറളം ശലഭസങ്കേതത്തിലും ഈ സസ്യം വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെയും ബോട്ടണി വിഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ശാസ്ത്ര – സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) കോര്‍ റിസര്‍ച്ച് ഗ്രാന്റ്, ഫിസ്റ്റ് സ്‌കീം പദ്ധതികളുടെ സഹായത്തോടെയായിരുന്നു പഠനം.
