ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവി; സീനിയോറിറ്റിയും യോഗ്യതയും പ്രധാന മാനദണ്ഡം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവിയിലുൾപ്പെടെ നിയമനത്തിന് സീനിയോറിറ്റിയും യോഗ്യതയും പ്രധാന മാനദണ്ഡമാകും. മുൻകാലങ്ങളിലേതുപോലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള നിയമനങ്ങൾ വേണ്ടെന്ന പൊതുനിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതിന്‍റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മൂന്നുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപറേഷൻ അഴിച്ചുപണി വൈകുന്നത്.

ഭരണം മാറിയതിനെ തുടർന്ന് പാർട്ടി നിർദേശപ്രകാരം പലരും സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നിയോഗിക്കപ്പെട്ട ചിലർ ഇപ്പോഴും പലയിടങ്ങളിലും അധികാരത്തിൽ തുടരുന്ന സാഹചര്യവുണ്ട്. അതേസമയം, പുനഃസംഘടന വൈകുന്നതിൽ യു.ഡി.എഫിൽ അതൃപ്തിയുണ്ട്. പക്ഷേ, എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമുള്ള നിയമനങ്ങൾ മതിയെന്നാണ് സർക്കാർ നിലപാട്.

സീനിയർ നേതാക്കളെ പ്രധാന തസ്തികകളിൽ നിയമിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യമുണ്ടായിരുന്നു. പാർട്ടി നിർദേശമനുസരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മാറിനിന്നവർക്കും പ്രഥമ പരിഗണന നൽകണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. ഈ സാഹചര്യത്തിൽ, സീനിയോറിറ്റിക്കൊപ്പം അർഹതയുണ്ടായിട്ടും തെരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്തവരെയും പരിഗണിക്കുമെന്ന നിലയിലാണ് കാര്യങ്ങൾ.

ഇതിനുപുറമെ, ഓരോ സ്ഥാനത്തേക്കും പരിഗണിക്കുന്നവരുടെ യോഗ്യതയും മാനദണ്ഡമാക്കും. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും ഭാവിയിൽ മത്സരിക്കാൻ അവസരം ലഭിക്കാൻ സാധ്യത കുറവുള്ളവർക്കും മുൻഗണന നൽകുന്നതും പരിഗണിക്കുമെന്നാണ് വിവരം. വർഷങ്ങളായി പാർട്ടിയിൽ അടിയുറച്ചുനിന്നിട്ടും ഇതുവരെ പ്രധാന പദവികളൊന്നും ലഭിക്കാത്തവരെയും പരിഗണിക്കും. ഡി.സി.സി ഭാരവാഹിത്വം വരെയുള്ളവരെയാകും പ്രധാനമായും ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുകയെന്നാണ് വിവരം.

മുൻകാലങ്ങളിലേതുപോലെ ഈ വിഷയത്തിൽ സാമുദായിക സംഘടനകളിൽനിന്ന് സമ്മർദമുണ്ടാകാമെങ്കിലും പാർട്ടിയിലെ പങ്കാളിത്തംകൂടി നോക്കി മാത്രമേ തീരുമാനമെടുക്കൂയെന്നാണ് വിവരം. രാഷ്ട്രീയനിയമനങ്ങൾ നടത്താവുന്ന സ്ഥാപനങ്ങളുടെ എണ്ണം 150ഓളം വരുമെന്നാണ് ഏകദേശ കണക്ക്. എല്ലാ മന്ത്രിമാരോടും തങ്ങളുടെ വകുപ്പുകളിലെ സ്ഥാപനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ എണ്ണത്തിനനുസരിച്ച് ഓരോ പാർട്ടിക്കും വിഹിതം ലഭിക്കണമെന്ന നിർദേശം കോൺഗ്രസ് യു.ഡി.എഫിൽ മുന്നോട്ടുവെക്കും. 63 എം.എൽ.എമാരുള്ള കോൺഗ്രസിന് മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് വാദം. കോൺഗ്രസിന് ചെയർമാൻ, പ്രസിഡന്‍റ് സ്ഥാനം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ഘടകകക്ഷികൾക്ക് അംഗത്വംനൽകും. ഈ ക്രമീകരണം തിരിച്ചുമുണ്ടാക്കാനാണ് നീക്കം.

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഭരണപരിഷ്‌കാര കമീഷൻ പോലുള്ള സംവിധാനങ്ങൾ വേണ്ടെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത ഘടകകക്ഷികൾ, പ്രത്യേകപരിഗണന നൽകേണ്ട മുതിർന്ന നേതാക്കൾ എന്നിവരെയും പരിഗണിക്കുന്ന രീതിയിലാകും പദവി വിഭജനം. ഈ മാസത്തോടെ നിയമനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് സാംസ്കാരിക വകുപ്പിന് കീഴിലുൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പാർട്ടി അനുഭാവികളായ നിരവധി പേരെ ജോലിക്കെടുത്തിട്ടുണ്ട്. ഇവരുടെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും.