Sunday, 29 November 2026
The Journal Unfolding The Truth
Latest

എം.എൽ.എയുടെ പ്രഖ്യാപനത്തിന് പുല്ലുവില; പൊന്നാനി കടലും തീരവും കൈയടക്കിഅന്യസംസ്ഥാന വള്ളങ്ങൾ

പൊന്നാനി: എം.എൽ.എയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിട്ടും പൊന്നാനി കടലിൽ ഇതര സംസ്ഥാന വള്ളങ്ങളുടെ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് ആരോപണം. പൊന്നാനി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന വള്ളങ്ങൾ കടലും തീരവും കൈയടക്കി രാവും പകലും മത്സ്യബന്ധനവും വിപണനവും നടത്തുന്നതോടെ തദ്ദേശീയ മത്സ്യത്തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആരോപിച്ചു.

കേരളത്തിൽ രജിസ്ട്രേഷനും ലൈസൻസുമില്ലാത്ത വള്ളങ്ങളിൽനിന്ന് യൂസർ ഫീ മാത്രം ഈടാക്കി പൊന്നാനി കടൽസമ്പത്തും തീരവും കൈയടക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. അബ്ദുൽ റാസിക്ക് പറഞ്ഞു.

മത്സ്യബന്ധനത്തിനിടെ പ്രത്യേക സാഹചര്യങ്ങളിൽ ഇന്ധനം നിറക്കാനും വിശ്രമിക്കാനും ഹാർബറുകൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ സൗകര്യമാണ് യൂസർ ഫീ. എന്നാൽ, ഇതിന്റെ മറവിൽ ഇതര സംസ്ഥാന വള്ളങ്ങൾ പൊന്നാനിയിൽ സ്ഥിരമായി തങ്ങുകയും മത്സ്യബന്ധനം നടത്തി വിപണനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായാണ് ആരോപണം.

ഇത്തരം വള്ളങ്ങൾ പൊന്നാനി കേന്ദ്രീകരിച്ച് സ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതോടെ തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും മത്സ്യ മാഫിയ സംഘങ്ങളുടെ ഒത്താശയോടെയാണ് ഈ വള്ളങ്ങൾ ഇവിടെ തങ്ങുന്നതെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിന് കൂട്ടുനിൽക്കുന്നതായും സംഘടന ആരോപിച്ചു. തദ്ദേശീയ മത്സ്യത്തൊഴിലാളികളെ തൊഴിൽ രംഗത്തുനിന്ന് പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

ജില്ലാ ആക്ടിങ് സെക്രട്ടറി അലി ചുള്ളി, മുസ്തഫ പുതുപൊന്നാനി, ബിസ്മി ബഷീർ പൊന്നാനി, ബഷീർ പുതുപൊന്നാനി, ഹാഷിം പൊന്നാനി, ഇബ്രാഹിം പുതുപൊന്നാനി, ഹനീഫ പുതുപൊന്നാനി, ജംഷീർ കൂട്ടായി, റാഫി പറവണ്ണ, നൗഫൽ പറവണ്ണ, അബ്ബാസ് പറവണ്ണ, സജ്ജാദ് പൊന്നാനി, കോയ പൊന്നാനി എന്നിവർ പങ്കെടുത്തു

More from Malappuram

More →