ഗീതമ്മയുടെ കൊല; നടുക്കം മാറാതെ കൊളക്കാട് ഗ്രാമം
ഗീതമ്മയുടെ മൃതദേഹം കൊളക്കാട് താന്നിക്കുന്ന് വീട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്ക്
കേളകം: ഗീതമ്മയുടെ കൊലപാതകത്തിൽ നടുക്കം വിട്ട് മാറാതെ കൊളക്കാട് ഗ്രാമം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോര്‍ച്ച ജില്ല കമ്മിറ്റിയംഗവുമായ ഗീതമ്മയെയാണ് (50) മകൻ ദാരുണമായി കൊലപ്പെടുത്തിയത്. കേളകത്തും താന്നിക്കുന്നിലും ‘മൊണാലിസ’ എന്ന പേരില്‍ ബ്യൂട്ടിപാര്‍ലറും ടൈലറിങ് ഷോപ്പും നടത്തിയിരുന്നു. പുഞ്ചിരിയോടെയല്ലാതെ ആരോടും സംസാരിക്കാത്തയാളായിരുന്നു ഗീതമ്മയെന്ന് നാട്ടുകാർ. ആ അമ്മക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു അന്ത്യം സംഭവിച്ചെന്ന് താന്നിക്കുന്നിലെ നാട്ടുകാര്‍ക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല.
സംഭവശേഷം മകന് ക്രിസ്റ്റി (25) കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബംഗളൂരുവില്‍ ബി.സി.എ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍, അവിടെ വെച്ചുണ്ടായ ചീത്തക്കൂട്ടുകെട്ടുകള്‍ ലഹരിയിലേക്കാണ് ക്രിസ്റ്റിയെ തള്ളിയിട്ടത്. ലഹരിക്ക് അടിമപ്പെട്ടതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. നാട്ടിലും ലഹരി ഉപയോഗം തുടര്‍ന്നതോടെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. മകനെ രക്ഷിച്ചെടുക്കണമെന്ന് ഗീതമ്മയും പിതാവ് തങ്കച്ചനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്നേഹോപദേശങ്ങള്‍ ക്രിസ്റ്റിക്ക് വെറും ശല്യമായിരുന്നു. ആ വാശി ഒടുവില്‍ കൊടുംക്രൂരതയില്‍ അവസാനിക്കുകയായിരുന്നു.
കൊലപാതകശേഷം തികച്ചും ശാന്തനായി ക്രിസ്റ്റി പെരുമാറിയത് പൊലീസിനെയും അമ്പരപ്പിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് ഗീതമ്മയെ ആക്രമിച്ച ക്രിസ്റ്റി, ആയുധമുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന അമ്മയെ നോക്കി കുറച്ചുനേരം ആ മുറിയില്‍ തന്നെ ഇയാള്‍ ഇരുന്നുവത്രെ. പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ച് അയാളുടെ സ്കൂട്ടറില്‍ നേരെ കേളകം പൊലീസ് സ്റ്റേഷനിലേക്ക്. ‘ഞാന്‍ എന്റെ അമ്മയെ കൊന്നു’ എന്ന് പറയുമ്പോഴും ഇയാളുടെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.
കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘം കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് ആറ് മണിയോടെ കൊളക്കാട് താന്നിക്കുന്നിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാജ്ഞലികളർപ്പിക്കാൻ നൂറ് കണക്കിനാളുകൾ ഒഴുകിയെത്തി. ക്രിസ്റ്റിയെ കൂടാതെ ഒരുമകൾ ഉണ്ട്. ജിറ്റി മോൾ, മരുമകൻ: അഭിലാഷ്. മൃതദേഹം ഞായറാഴ്ച ഒമ്പത് മണിക്ക് കൊളക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
അച്ഛനെയും കൊല്ലാൻ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ
കേളകം: കൊളക്കാട് അമ്മയെ കൊലപ്പെടുത്തിയ മകൻ അച്ഛനെയും കൊല്ലണമെന്ന് പദ്ധതിയിട്ടിരുന്നതായി അയല്‍വാസിയുടെ വെളിപ്പെടുത്തൽ. ക്രിസ്റ്റി, അച്ഛൻ തങ്കച്ചനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നുവെന്ന് തന്നോട് പറഞ്ഞതായി പ്രതിയെ പൊലീസിലേൽപിച്ച അയൽവാസി കെ.വി. നിപുൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ സംബന്ധിച്ച് നാട്ടിൽ അപവാദം പ്രചരിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കുടുംബമാണ് തന്നെ ഈ ഗതിയിലെത്തിച്ചതെന്നും കേളകം പൊലീസിന് നൽകിയ മൊഴിയിൽ ക്രിസ്റ്റി പറയുന്നു.
സംഭവമറിഞ്ഞ് നിപുൻ സ്ഥലത്തെത്തുമ്പോൾ ഗീതമ്മയുടെ സഹോദരന്റെ കഴുത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു പ്രതി. കഴുത്തിൽനിന്ന് പിടിവിടുവിച്ച് രക്ഷപ്പെടുത്തിയപ്പോഴാണ് ‘എന്റെ പെങ്ങളെ ഇവൻ കൊന്നു’ എന്ന് ഗീതമ്മയുടെ സഹോദരൻ പറയുന്നത്. വീടിന്റെ അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നുവെന്നും ഉടൻ അയൽവാസി ദിലീപിനെ വിളിച്ച് വരുത്തിയപ്പോൾ മരിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞതായും നിപുൻ പറയുന്നു.
സംഭവസമയം വീടിനുള്ളിലുണ്ടായിരുന്ന മുത്തശ്ശിയെ റൂമിനുള്ളിൽ പൂട്ടിയിട്ടാണത്രെ പ്രതി കൃത്യം നിർവഹിക്കുകയും തുടർന്ന് സഹോദരിയെയും ഗീതമ്മയുടെ സഹോദരങ്ങളെയും വിളിച്ചറിയിച്ചത്. സംഭവമറിഞ്ഞെത്തിയ ഗീതമ്മയുടെ സഹോദരൻ പുതുപ്പറമ്പിൽ സജിയുമായും ക്രിസ്റ്റി സംഘർഷത്തിൽ ഏർപ്പെട്ടു. ലഹരിയുടെ അടിമയായ പ്രതി പണമാവശ്യപ്പെട്ട് നിരന്തരം വീട്ടിൽ കലഹമുണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
