നിയമ പഴുതുകളറിയുന്ന കുട്ടിക്കുറ്റവാളികളെ പ്രായപൂർത്തിയായവരായി കാണാത്തതെന്ത് -ഹൈകോടതി

കൊച്ചി: പ്രായം 18ൽ താഴെയായാലുള്ള നിയമത്തിലെ പഴുതുകൾ മനസ്സിലാക്കി കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ പ്രായപൂർത്തിയായവരായി കാണാത്തതെന്തെന്ന് ഹൈകോടതി. തങ്ങളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കണമെന്ന് കൃത്യം ചെയ്ത കുട്ടികൾ തന്നെ ആവശ്യപ്പെടുന്നു എന്നിരിക്കെ അവർക്ക് എല്ലാത്തിനെക്കുറിച്ചും അറിവുണ്ടെന്ന് വ്യക്തമാണ്. 18 വയസ്സാവുമ്പോഴല്ല പ്രായപൂർത്തിയായെന്ന് കണക്കാക്കേണ്ടത്, പ്രായപൂർത്തിയാകുന്ന വയസ്സിനാണ് പ്രാധാന്യം നൽകേണ്ടത്.

പ്രായപൂർത്തിയാകുന്നത് 16ലാണെങ്കിൽ അതാണ് പ്രായപൂർത്തി പ്രായം എന്നാക്കണം. സൂര്യൻ എവിടെ ഉദിക്കുന്നുവോ അതാവണം കിഴക്ക്. കിഴക്ക് സൂര്യൻ ഉദിക്കുന്നുവെന്നല്ല പറയേണ്ടതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. നെടുമ്പാശ്ശേരിയിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന 19 കാരൻ പല ബാറുകളിൽനിന്നും മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

18 വയസ്സിൽ താഴെയുള്ളവരുടെ കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഇത് തടയാൻ നടപടി ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാനം മാതൃകയാകണമെന്നും കോടതി പറഞ്ഞു. 19കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതടക്കം നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നത് തടയാൻ എന്ത് നടപടിയാണ് സ്വീകരിക്കാനാവുകയെന്ന് കോടതി ആരാഞ്ഞു. ഉടൻ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് സർക്കാർ വിശദീകരിച്ചു. തുടർന്ന് വിഷയം രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ബാലാവകാശ നിയമ പ്രകാരം കുട്ടികളുടെ കുറഞ്ഞ പ്രായം 16 ആയി കുറക്കാൻ നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.