ന്യൂസിലാൻഡിനോട് തോറ്റ പാകിസ്താന് 48 മണിക്കൂറിനകം ഒന്നാം റാങ്ക് നഷ്ടമായി
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയ പാകിസ്താന് 48 മണിക്കൂറിനകം ഒന്നാം സ്ഥാനം നഷ്ടമായി. നാലാം ഏകദിനം 102 റൺസിന് ജയിച്ച് ഒന്നാം റാങ്കിലെത്തിയ അവർക്ക് അഞ്ചാം ഏകദിനത്തില്‍ 47 റണ്‍സിന് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. പുതുക്കിയ റാങ്കിങ്ങിൽ 113 പോയന്റ് വീതമുള്ള ആസ്ട്രേലിയ ഒന്നും ഇന്ത്യ രണ്ടും സ്ഥാനത്താണ്. മൂന്നാമതുള്ള പാകിസ്താന് 112 പോയന്റാണുള്ളത്.
പരമ്പരയിലെ അവസാന മത്സരത്തില്‍ 47 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 49.3 ഓവറില്‍ 299 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഓപണര്‍ വില്‍ യങ് (87) ക്യാപ്റ്റന്‍ ടോം ലഥാം (59), മാർക് ചാപ്‌മാന്‍ (43) എന്നിവരാണ് തിളങ്ങിയത്. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റെടുത്തപ്പോൾ ഉസ്മാൻ മിർ, ഷദാബ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (ഒന്ന്) തുടക്കത്തിലേ നഷ്ടമായപ്പോൾ ഇഫ്തിഖാര്‍ അഹമ്മദും (പുറത്താവാതെ 94), അഗ സല്‍മാനും (57) പൊരുതിയെങ്കിലും 46.1 ഓവറില്‍ 252 റണ്‍സെടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റും വീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രചിന്‍ രവീന്ദ്രയും ഹെന്റി ഷിപ്‌ലിയുമാണ് പാകിസ്താൻ ബാറ്റിങ് നിരയെ തകര്‍ത്തത്.