ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ വി​സി​ൽ മു​ഴ​ക്കം; ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന് ഇ​ന്ന് കി​ക്കോ​ഫ്

ബം​ഗ​ളൂ​രു: ‘ടീ​മു​ക​ളെ​ല്ലാം ​നാ​ട് വി​ട്ടു.ക്ല​ബു​ക​ൾ​ക്ക് കാ​ശി​ല്ല… ​ബ്രോ​ഡ്കാ​സ്റ്റേ​ഴ്സി​ന് മി​ണ്ടാ​ട്ട​മി​ല്ല. ഐ.​എ​സ്.​എ​ൽ ക​ട പൂ​ട്ടി​യെ​ന്ന് തോ​ന്നു​ന്നു…’ഏ​തെ​ങ്കി​ലും വാ​ർ​ത്ത​യു​ടെ​യോ, ലേ​ഖ​ന​ത്തി​ന്റെ​യോ ഭാ​ഗ​മ​ല്ല ഇ​ത്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 13ാം സീ​സ​ണി​​ന്റെ വി​ളം​ബ​ര​മാ​യി സം​ഘാ​ട​ക​ർ ത​ന്നെ പു​റ​ത്തി​റ​ക്കി​യ പ​ര​സ്യം തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗി​ന്റെ ഭാ​വി​യെ കു​റി​ച്ച് ര​ണ്ട് ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ സ​ങ്ക​ട​വ​ർ​ത്ത​മാ​ന​ത്തി​നി​ട​യി​ലേ​ക്ക്, തി​ര​ക്കി​ട്ട് ഓ​ടി​യെ​ത്തു​ന്ന സെ​ക്യു​രി​റ്റി​ക്കാ​ര​ൻ ഷ​ട്ട​ർ ഉ​യ​ർ​ത്തി ‘ക​ട തു​റ​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി​യ സൂ​പ്പ​ർ ലീ​ഗ് അ​കാ​ല​ത്തി​ൽ മൃ​തി​യ​ട​യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ പ്ര​തീ​ക്ഷ​യു​ടെ ക​ള​ത്തി​ലേ​ക്ക് പു​തി​യ കി​ക്കോ​ഫ്. പ​ര​സ്യം ന​ൽ​കു​ന്ന പ്ര​തീ​ക്ഷ​ക​ൾ പോ​ലെ, ക​ളി​യു​ത്സ​വ​ത്തി​ന്റെ പു​തി​യ പ​ച്ച​പ്പി​ലേ​ക്ക് ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ് 13ാം സീ​സ​ണി​ന് ​ശ​നി​യാ​ഴ്ച കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ങ്ങു​ന്നു. പു​തി​യ സ്പോ​ൺ​സ​ർ​മാ​രും, പു​തു സം​ഘാ​ട​ന​വു​മാ​യി ആ​വേ​ശം റീ​ചാ​ർ​ജ് ചെ​യ്ത് ലീ​ഗ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ലീ​ഗി​ന്റെ നി​ല​നി​ൽ​പി​നെ ത​ന്നെ ആ​ശ​ങ്ക​യി​ലാ​ക്കി​യ കാ​റും കോ​ളും പി​ടി​ച്ചു​കെ​ട്ടി​യാ​ണ് പു​തു ഊ​ർ​ജ​വു​മാ​യി സൂ​പ്പ​ർ​ലീ​ഗ് സീ​സ​ണി​ന് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. ഇ​ട​വേ​ള​ക്കു ശേ​ഷം, പ​ര​മ്പ​രാ​ഗ​ത ലീ​ഗ് ഫോ​ർ​മാ​റ്റാ​യ ഹോം-​എ​വേ മാ​ച്ചു​ക​ളു​മാ​യി തി​രി​കെ​യെ​ത്തു​മ്പോ​ൾ, ആ​വേ​ശം നി​റ​ച്ച് മി​ക​ച്ച താ​ര​ങ്ങ​ളും വി​വി​ധ ക്ല​ബു​ക​ളി​ലെ​ത്തി​ക​ഴി​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു എ​ഫ്.​സി​യും ഡ​ൽ​ഹി സ്​​പോ​ർ​ടി​ങ് ക്ല​ബും ത​മ്മി​ൽ ബം​ഗ​ളു​രു​വി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. രാ​ത്രി ഏ​ഴി​ന് എ​ഫ്.​സി ഗോ​വ​യും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ഗോ​വ​യി​ലും ഏ​റ്റു​മു​ട്ടും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച എ​വേ ഗ്രൗ​ണ്ടി​ൽ ഇ​ന്റ​ർ കാ​ശി​യെ നേ​രി​ടും. ഈ​സ്റ്റ് ബം​ഗാ​ളാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ദേ​ശീ​യ കി​രീ​ട വ​ര​ൾ​ച്ച​ക്ക് അ​ന്ത്യം കു​റി​ച്ചാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​പ്പ​ടി​ച്ച​ത്. അ​തേ​സ​മ​യം, പു​തി​യ ഉ​ട​മ​സ്ഥ​ർ​ക്കു കീ​ഴി​ൽ പു​തു​താ​ര നി​ര​യു​മാ​യി ക​ന്നി കി​രീ​ട പ്ര​തീ​ക്ഷ​യോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഇ​റ​ങ്ങു​ക​യാ​യി.

സീ​സ​ണി​ൽ 13 ക്ല​ബു​ക​ൾ

ജം​ഷ​ഡ്പൂ​ർ എ​ഫ്.​സി പു​തി​യ ഉ​ട​മ​സ്ഥ​ർ​ക്കു കീ​ഴി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് ​ആ​യി ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗി​ൽ തി​രി​ച്ചെ​ത്തു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ​ൻ​സും, ഡ​യ​മ​ണ്ട് ഹാ​ർ​ബ​റും ത​രം​താ​ഴ്ത്ത​പ്പെ​ട്ടു.

1 ബം​ഗ​ളൂ​രു എ​ഫ്.​സി, 2 ചെ​ന്നൈ​യി​ൻ, 3 ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ്, 4 ഡ​ൽ​സി എ​സ്.​സി, 5 ഈ​സ്റ്റ് ബം​ഗാ​ൾ, 6 എ​ഫ്.​സി ഗോ​വ, 7 ഇ​ന്റ​ർ കാ​ശി, 8 കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, 9 മോ​ഹ​ൻ ബ​ഗാ​ൻ, 10 മും​ബൈ സി​റ്റി, 11 നോ​ർ​ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്, 12 ഒ​ഡി​ഷ എ​ഫ്.​സി, 13 പ​ഞ്ചാ​ബ് എ​ഫ്.​സി

163 മ​ത്സ​ര​ങ്ങ​ൾ

ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങി 2027 മേ​യ് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സീ​സ​ണി​ൽ 163 മ​ത്സ​ര​ങ്ങ​ൾ. ലീ​ഗ് റൗ​ണ്ടി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ ഐ.​എ​സ്.​എ​ൽ ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​കും. ആ​ദ്യ ആ​റ് സ്ഥാ​ന​ക്കാ​ർ ഐ.​എ​സ്.​എ​ൽ കി​രീ​ട​ത്തി​നാ​യി ​േപ്ല ​ഓ​ഫി​ൽ മാ​റ്റു​ര​ക്കും. ജ​നു​വ​രി 17 വ​രെ​യാ​ണ് ആ​ദ്യ ഘ​ട്ട മ​ത്സ​ര ഷെ​ഡ്യൂ​ൾ. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 78 മ​ത്സ​ര​ങ്ങ​ൾ. മേ​യ് മാ​സ​ത്തി​ലാ​ണ് ​േപ്ല ​ഓ​ഫ്.

റി​ല​യ​ൻ​സ് പോ​യി, പ​ക​രം ക്ല​ബ് കൂ​ട്ടാ​യ്മ

പ്ര​ഥ​മ സീ​സ​ൺ മു​ത​ൽ ഐ.​എ​സ്.​എ​ൽ സം​ഘാ​ട​ക​രാ​യ റി​ല​യ​ൻ​സി​ന്റെ ഫു​ട്ബാ​ൾ സ്​​പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്റ് പി​ന്മാ​റി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ സം​ഘാ​ട​നം, പു​തി​യ ഫോ​ർ​മു​ല​യോ​ടെ​യാ​ണ് പ​രി​ഹ​രി​ച്ച​ത്. ലീ​ഗി​ന്റെ സ്പോ​ൺ​സ​ർ​ഷി​പ്പ്, മാ​ർ​ക്ക​റ്റി​ങ്, സം​പ്രേ​ഷ​ണം തു​ട​ങ്ങി​യ വാ​ണി​ജ്യ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ധി​കാ​ര​ങ്ങ​ളും ഐ.​എ​സ്.​എ​ല്ലി​ലെ 13 ക്ല​ബ്ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, ജ​ർ​മ​ൻ ബു​ന്ദ​സ്‌​ലി​ഗ തു​ട​ങ്ങി​യ ആ​ഗോ​ള ഫു​ട്ബോ​ൾ ലീ​ഗു​ക​ളു​ടെ മാ​തൃ​കയി​ലാ​ണി​ത്.

യൂ​ട്യൂ​ബി​ലും സോ​ണി​യി​ലും

ഇ​ത്ത​വ​ണ ആ​രാ​ധ​ക​ർ​ക്ക് യൂ​ട്യൂ​ബ് വ​ഴി സൗ​ജ​ന്യ​മാ​യി ത​ന്നെ ക​ളി കാ​ണാം. വ​രി​സം​ഖ്യ​യോ, സ​ബ്സ്ക്രി​പ്ഷ​ൻ നി​ര​ക്കോ ഇ​ല്ലാ​തെ ലീ​ഗ് കൂ​ടു​ത​ൽ ആ​രാ​ധ​ക​രി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ​ണ് ഗൂ​ഗി​ളു​മാ​യി ക​രാ​റി​ലെ​ത്തി യൂ​ട്യു​ബ് സൗ​ജ​ന്യ സ്ട്രീ​മി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​പ്പം, സോ​ണി ലി​വ് ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മി​ലും ക​ളി ല​ഭ്യ​മാ​കും.