മുംബൈ ഇന്ത്യൻസിന് പുതിയ ആശാൻ; ഇനി പൊള്ളാർഡ് യുഗം

മുംബൈ: ഐ.പി.എൽ 2027 മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെ ടീമിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പൊള്ളാർഡിനെ ഈ പദവിയിൽ നിയമിച്ചത്.
കഴിഞ്ഞ നാല് സീസണുകളിൽ പൊള്ളാർഡ് മുംബൈയുടെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. 2022 നവംബറിൽ ഐ.പി.എല്ലിൽനിന്ന് വിരമിച്ച താരം തൊട്ടടുത്ത സീസൺ മുതൽ ബാറ്റിങ് പരിശീലകനായി ചുമതല ഏൽക്കുകയായിരുന്നു. ഐ.പി.എല്ലിൽ 13 സീസണുകളിൽ മുംബൈക്കായി കളിച്ചതിന് പിന്നാലെയായിരുന്നു പൊള്ളാർഡ് വിരമിച്ച് പിന്നീട് ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായത്.
മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനാകുന്നത് വലിയ ബഹുമതിയാണെന്ന് പൊള്ളാർഡ് പ്രതികരിച്ചു. ‘മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത് വലിയൊരു ബഹുമതിയാണ്. മുംബൈ എന്റെ ജീവിതത്തിന്റെയും കരിയറിന്റെയും വലിയൊരു ഭാഗമാണ്. ഈ ടീമുമായും കളിക്കാരുമായും ആരാധകരുമായും എനിക്കുള്ള ബന്ധം ഏറെ വലുതാണ്. ഒരു കളിക്കാരനായും പിന്നീട് പരിശീലകനായും ഈ യാത്രയിലൂടെ കടന്നുപോയതിനാല്‍, മുംബൈ ഇന്ത്യൻസ് എന്താണെന്നും നീലയും സ്വര്‍ണവും നിറമുള്ള ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോള്‍ ഉള്ള ഉത്തരവാദിത്തം എന്താണെന്നും എനിക്ക് നന്നായി അറിയാം,” -പെള്ളാര്‍ഡ് പറഞ്ഞു.
2010 സീസൺ മുതൽ ടീമിനൊപ്പമുള്ള പൊള്ളാർഡ് ടൂർണമെന്റിൽ മുംബൈയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ടീമിനായി 189 മത്സരങ്ങളില്‍ നിന്ന് 147.32 സ്ട്രൈക്ക് റേറ്റില്‍ 3412 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ 69 വിക്കറ്റുകളും സ്വന്തമാക്കി. പൊള്ളാർഡ് മുംബൈക്കൊപ്പം അഞ്ച് ഐ.പി.എൽ കിരീടങ്ങൾ ഉയർത്തിയിട്ടുണ്ട്. 2011, 2014 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലും താരം പങ്കാളിയായി.
അതേസമയം, ഐ.പി.എല്ലിൽ അഞ്ച് തവണ കിരീടമുയർത്തിയിട്ടുള്ള മുംബൈയ്ക്ക് കഴിഞ്ഞ കുറച്ച് സീസണുകളിലായി മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. 2020 ലാണ് ടീം അവസാനമായി കപ്പുയർത്തിയത്. അതിനാൽ തന്നെ പൊള്ളാർഡിനെ കാത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്.
