അനധികൃതമായി സോളാർ വേലി സ്ഥാപിച്ച 14 പേർക്ക് നോട്ടീസ്; ആനത്താര വിഷയത്തിൽ നടപടി കടുപ്പിച്ച് വനം വകുപ്പ്

തൊടുപുഴ: ആനത്താരകളിലെ വേലികൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ നടപടികൾ കടുപ്പിച്ച് വനം വകുപ്പ്. ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഏലം കൃഷിക്കായി സോളാർവേലികളും ഇരുമ്പുവടങ്ങളുമടക്കം സ്ഥാപിച്ച 14 പേർക്ക് വനം വകുപ്പ് നോട്ടീസ് നൽകി. ഇവരാരും വേലികൾ സ്വയം നീക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ ദേവികുളം സബ് കലക്ടർക്ക് തുടർ നടപടികൾ നിർദേശിച്ച് വനം വകുപ്പ് കത്ത് നൽകിയതായാണ് വിവരം.
വ്യാഴാഴ്ച സംരക്ഷണ വേലികൾ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട കലക്ടറുടെ ഉത്തരവ് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളുകയും തുടർന്ന് പ്രതിപക്ഷം വോക്കൗട്ട് നടത്തുകയും ചെയ്തിരുന്നു.
ആനത്താരയുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം വെള്ളിയാഴ്ച ഇടുക്കിയിൽ ഹർത്താലും നടത്തിയത്. ആനകളുടെ സഞ്ചാര പാതയിൽ കെട്ടിയ അനധികൃത വേലികളാണ് പൊളിച്ചു മാറ്റുന്നതെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ചിലയിടങ്ങളിൽ പൊളിച്ച് നീക്കിയ വേലികൾ സ്ഥാപിച്ചവർ തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ ചിന്നക്കനാലിൽ ആനകളുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ ഇവക്ക് സഞ്ചാര പാത ഒരുക്കാൻ ഇടുക്കി കലക്ടറുടെ ഉത്തരവിറങ്ങുന്നത്. ഇതിന് പിന്നാലെ ആനകളുടെ സഞ്ചാര പാതക്ക് തടസ്സമായിനിന്ന വേലികളും ഇരുമ്പുവടങ്ങളും വനം വകുപ്പ് ഇടപെട്ട് ഒഴിപ്പിച്ചു. ഒപ്പം ചിന്നക്കനാലിൽ നിർദിഷ്ട സംരക്ഷിത വനത്തിന്റെ ഭാഗമായ പത്ത് ഹെക്ടർ സ്ഥലത്തെ കൈയേറ്റം തിരിച്ച് പിടിക്കുകയും ചെയ്തു.
ഉത്തരവിൽ പ്രതിഷേധവുമായി സി.പി.എമ്മും ഇടുക്കി രൂപതയുമടക്കം രംഗത്ത് വന്നതോടെ സംഭവം വിവാദമായി. ആനകളുടെ പ്രധാന പാതകൾക്ക് തടസ്സമായി റിസോർട്ടുകളും വേലികളും ഇരുമ്പുവടങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടുമ്പോൾ ആനകളുടെ സ്വാഭാവിക സഞ്ചാരപാത ഏതാണെന്ന് ജനങ്ങളെ അറിയിച്ചിട്ടുണ്ടോ എന്നും ജനങ്ങളെ ബോധ്യപ്പെടുത്തി വേണമായിരുന്നു നടപടി സ്വീകരിക്കാനെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. പ്രശ്നക്കാരായ ആനകളെ കാട് മാറ്റുന്ന ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു.
ആനകളുടെ സഞ്ചാര പാതയിൽപ്പെട്ട തോണ്ടിമല മുതൽ ചിന്നക്കാനാൽ വരെ പ്രദേശത്തെ തോട്ട ഉടമകളുമായി സംസാരിച്ച് ഏലച്ചെടികൾക്കിടയിലൂടെ പത്തടി വഴി തുറക്കുന്ന കാര്യമടക്കം ചർച്ച ചെയ്യാൻ 22ന് ഏലത്തോട്ട ഉടമകളുമായി ചർച്ച നടക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
