സെനറ്റർ അബ്ദുൽ അൽ സഈദിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് എസ്.വി. അഷ്റഫ്

പടന്ന: യു.എസ് സെനറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ട മിഷിഗനിൽനിന്നുള്ള സെനറ്റർ അബ്ദുൽ അൽ സെയ്ദിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പടന്ന സ്വദേശിയും ഹുബ്ബള്ളിയിലും മുംബൈയിലുമുള്ള ബിസിനസ് സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമയുമായ എസ്.വി. അഷ്റഫ്.
കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിൽ നടന്ന ‘ഇസ്ന’ കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അബ്ദുൽ അൽ സെയ്ദിനെ കാണാൻ അവസരം ഒരുങ്ങിയത്.
ഡെട്രോയിറ്റിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ പങ്കെടുക്കാനും അദ്ദേഹത്തെ പരിചയപ്പെടാനും കഴിഞ്ഞത് സെനറ്റർ അബ്ദുൽ അൽ സെയ്ദിന്റെ ഭാര്യാ പിതാവും അമേരിക്കയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധനുമായ സുഹൃത്ത് ബട്കൽ സ്വദേശി ഡോ. തയ്യിബ് ജുകാകു വഴിയാണ്. ഇദ്ദേഹത്തിന്റെ മകൾ ഡോ. സാറ ജുകാകുവും അബ്ദുൽ അൽ സെയ്ദും പഠനകാലത്താണ് പരസ്പരം കണ്ടുമുട്ടുന്നതും പിന്നീട് വിവാഹിതരാവുന്നതും.
ആരോഗ്യ മേഖലയിലെ അസമത്വത്തെക്കുറിച്ചും വൻകിട കമ്പനികളുടെ ചൂഷണങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും നയനിലപാടുകളുമുള്ള അബ്ദുൽ അൽ സെയ്ദ് ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ച കാര്യവും അഷ്റഫ് ഓർത്തെടുക്കുന്നു.
തന്റെ സ്വത്വവും ആദർശവും മറച്ചുവെക്കാതെതന്നെ അമേരിക്കയിലെ പാവങ്ങളെയും യുവാക്കളേയും അഭിമുഖീകരിച്ച അബ്ദുൽ അൽ സെയ്ദിന്റെ വിജയം വർഗീയ പരാമർശങ്ങൾ നടത്തിയ ട്രംപിനുള്ള തിരിച്ചടി കൂടിയാണെന്ന് അഷ്റഫ് പറയുന്നു.
