ആഹാ എന്തൊരു ചേലാണ്…!

പി.എം.എ. സമീർ എം.എൽ.എ തുറന്നുകൊടുത്ത കോഴിക്കോടൻകുണ്ട്-വാളക്കുളം ചിറ റോഡ്
കോട്ടക്കൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോടൻകുണ്ട്-വാളക്കുളം ചിറ റോഡ് യാഥാർഥ്യമായതോടെ നാട്ടുകാർ ആഘോഷത്തിമിർപ്പിൽ. എടരിക്കോട്-തെന്നല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പതിറ്റാണ്ടുകളായി ഒരു നാടിന്റെ സ്വപ്നമായിരുന്നു. നേരത്തെ പുതുപ്പറമ്പിൽനിന്നും പൂക്കിപ്പറമ്പ് ഭാഗത്തേക്ക് കിലോമീറ്ററുകളോളം മറ്റുവഴികളിലൂടെയാണ് നാട്ടുകാർ സഞ്ചരിച്ചിരുന്നത്. ഇരുകരയിലുമുള്ളവർക്ക് വയൽ മുറിച്ചുകടക്കേണ്ട അവസ്ഥക്കും പരിഹാരമായി.
ദേശീയപാതയിലേക്ക് എളുപ്പമാർഗം എത്താനുള്ള സൗകര്യവും ലഭ്യമായതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. അരക്കിലോമീറ്റർ ദൂരത്തിൽ മൂന്ന് ഓവുപാലങ്ങളോടുകൂടിയുള്ള റോഡിന്റെ നിർമാണ ചെലവ് ഒന്നര കോടിയാണ്. പരന്നുകിടക്കുന്ന വയൽശേഖരത്തിന് മധ്യേ കടന്നുപോകുന്ന പാത യാത്രക്കാരുടെ കണ്ണുകൾക്ക് വിരുന്നാണ്. ഉദ്ഘാടനത്തിനു പിന്നാലെ നാട്ടുകാരുടേയും മറ്റു തിരക്കാണ് ഇവിടം.
പി.എം.എ. സമീർ എം.എൽ.എയാണ് റോഡ് തുറന്നുകൊടുത്തത്. എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് റൈഹാന ബീഗം, വൈസ് പ്രസിഡൻറ് ഒ.ടി സമദ്, അഡ്വ. ഹനീഫ പുതുപ്പറമ്പ്, ബഷീർ പൂവഞ്ചേരി, ഇബ്രാഹിംകുട്ടി ഹാജി, വി.ടി. സുബൈർ തങ്ങൾ, ഷുക്കൂർ കോഴിക്കോടൻ, സിദ്ദീഖ് കോഴിക്കോടൻ, തറമ്മൽ ശരീഫ്, തയ്യിൽ ശരീഫ് മാനു, ഫസലുദ്ദീൻ, ബഷീർ കൂരിയാടൻ, ഇ.കെ. ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
