ഡച്ച് പടക്കെതിരെ മൊറോക്കോ കളത്തിൽ; ആദ്യപകുതി ഗോൾ രഹിത സമനിലയിൽ

മോണ്ടെറെ : ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സും മൊറോക്കോയും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ. മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്., എന്നാൽ നെതർലൻഡ്സിന്റെ ആക്രമണങ്ങളെ കൃത്യമായ തന്ത്രങ്ങളിലൂടെ മൊറോക്കോ തടഞ്ഞിട്ടുണ്ട്.
പത്താം മിനിറ്റിൽ മൊറോക്കോ താരം ഇസ്മയേൽ സൈബാരിയും ഡച്ച് താരം ജാൻ പോൾ വാൻ ഹെക്കെയും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയത് കളിക്കളത്തിൽ നേരിയ സംഘർഷത്തിന് കാരണമായി. റഫറി വിൽട്ടൺ സാംപിയോ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരം ഇരുപതാം മിനിറ്റിൽ എത്തിയപ്പോൾ മൊറോക്കോ ആദ്യത്തെ വലിയ ഭീഷണി ഉയർത്തി. വലതുവിങ്ങിൽ നിന്ന് അഷ്റഫ് ഹക്കിമി നൽകിയ മനോഹരമായ ക്രോസ് എൽ അയ്നൗയി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും, ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗന്റെ മിന്നുന്ന സേവ് നെതർലൻഡ്സിനെ രക്ഷിച്ചു. തൊട്ടുപിന്നാലെ വന്ന മൊറോക്കൻ താരത്തിന്റെ ലോങ് റേഞ്ചർ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിച്ചെത്തിയ നെതർലൻഡ്സിന് മൊറോക്കൻ പ്രതിരോധത്തെ മറികടക്കാൻ കാര്യമായ വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്. റയാൻ ഗ്രാഫൻബെർക്കിന്റെ ഒരു ലോങ് റേഞ്ചർ ഷോട്ട് മാത്രമാണ് നെതർലൻഡ്സിന് നേടാനായ ഏക അവസരം.
ഡിഫൻസിലെ ഉറച്ച കോട്ടയും ആക്രമണത്തിലെ മൂർച്ചയുമായി മൊറോക്കോ കളം നിറയുമ്പോൾ, നെതർലൻഡ്സ് തങ്ങളുടെ പതിവ് ആക്രമിണ ഫുട്ബോൾ ശൈലി വീണ്ടെടുക്കാൻ പാടുപെടുകയാണ്. കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മോണ്ടെറെ സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഗോളിനായുള്ള കഠിന ശ്രമത്തിലാണ്.
