മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്; കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല

കണ്ണൂർ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വിഷയത്തിൽ കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മന്ത്രി കണ്ണൂരിൽ പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയുണ്ടെന്നും ദീർഘകാലത്തേക്ക് വൈദ്യുതി വേണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയുണ്ട്. ദീർഘകാലത്തേക്ക് വൈദ്യുതി വേണം. കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നുണ്ട്. കെ.എസ്.ഇ.ബി സമ്മർദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവർത്തിച്ചുപറഞ്ഞതാണ്. ജി.എൻ.എയുമായി വൈദ്യുതി കരാർ ഉണ്ടാകില്ല. കരാർ പ്രായോഗികമല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതിന്റെ പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബെറ്റർ ടു അവോയ്ഡ്’ എന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകിയത്. അടുത്ത കെ.പി.സി.സി പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നു. ഇപ്പോഴും താൻ തന്നെയാണ് പ്രസിഡന്റ് എന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള പോര് സമവായത്തിലേക്ക് നീങ്ങിയെന്ന് റിപ്പോർട്ടുകൾക്കിടയിലാണ് സണ്ണി വീണ്ടും വെടിപൊട്ടിച്ചത്. ബുധനാഴ്ച രാത്രി ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബോർഡ് – കോർപറേഷൻ വീതംവെപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെങ്കിലും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ഭിന്നത ചർച്ചയാവുകയായിരുന്നു.

ജി.എൻ.എ വൈദ്യുതി തൽക്കാലം വാങ്ങേണ്ടെന്ന തീരുമാനം ചർച്ച ചെയ്തില്ല, പുതിയ കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയും തന്നെ മറികടന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, മുൻ ചെയർമാന്റെ നടപടികൾ തന്നോട് കൂടിയാലോചിക്കാതെ പരിശോധിക്കാൻ നിർദേശിച്ചു തുടങ്ങിയ കാര്യങ്ങളിലെ കടുത്ത അതൃപ്തി സണ്ണി ജോസഫ് പ്രകടിപ്പിച്ചിരുന്നു. വകുപ്പ് മന്ത്രിയായ തന്നെ മറികടന്നത് ശരിയായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, കെ.എസ്.ഇ.ബി ചെയർമാനുമായി താൻ പ്രത്യേക ചർച്ച നടത്തിയിട്ടില്ലെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അവരെ കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്നും രണ്ടു മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടെന്നും ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്ന സൂചനയും രമേശ് ചെന്നിത്തല നൽകിയിരുന്നു. തർക്കങ്ങൾ പരിഹരിച്ച് പോകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോൺഗ്രസിനുണ്ട്. ചില കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. ഒന്നിച്ചിരുന്ന് ചർച്ച ചെയ്യും എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ചെന്നിത്തലയുടെ പ്രതികരണം.