കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യൻ ബൗളർമാർ, പതറാതെ ഡാരിൽ മിച്ചൽ; വിജയം 135 റൺസ് അകലെ

വെല്ലിങ്ടൺ: രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ കുഞ്ഞൻ സ്‌കോറിൽ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. മഴ കാരണം 47 ഓവറുകളായി വെട്ടി ചുരുക്കിയ മത്സരത്തിൽ 41 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ കിവീസ് ഓൾ ഔട്ടായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് ആതിഥേയരെ തകർത്തത്. ഒരറ്റത്ത് പൊരുതിനിന്ന ഡാരിൽ മിച്ചലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് കിവീസിനെ നാണക്കേടിൽനിന്ന് രക്ഷിച്ചത്.

മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. ഒമ്പത് ഓവറുകൾ പിന്നിട്ടപ്പോൾ തന്നെ ടീമിന് ടോപ് ഓർഡറിലെ മൂന്ന് പേരെയും നഷ്ടമായി. വെറും 23 റൺസായിരുന്നു ടീമിന്റെ സമ്പാദ്യം. ആഖിബ് നബിയും അൻഷുൽ കംബോജുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. പിന്നാലെ ഡാരിൽ മിച്ചൽ ക്രീസിലെത്തി. താരം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിന്നാലെത്തിയ ടോം ലാതമും ഗ്ലെൻ ഫിലിപ്സും ഒരേ ഓവറിൽ തന്നെ കൂടാരം കയറി.

അതോടെ ഏഴാമനായി എത്തിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ക്രീസിലെത്തി മിച്ചലിനൊപ്പം ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിച്ചു. എന്നാൽ, അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതിന് പിന്നാലെ മിച്ചലിനെ അക്ഷർ പട്ടേൽ പുറത്താക്കി. 104 പന്തിൽ രണ്ട് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

സാന്റ്നർ പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും സ്കോർ ബോർഡിലേക്ക് ആറ് റൺസ് ചേർത്തപ്പോഴേക്കും ഗുർനൂർ ബ്രാറിന് മുന്നിൽ വീണു. 38 പന്തിൽ രണ്ട് സിക്സറുകളും ഒരു ഫോറും ഉൾപ്പടെ 31 റൺസെടുത്താണ് കിവീസ് നായകന്റെ മടക്കം. പിന്നാലെത്തിയ ആർക്കും ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അതോടെ 41 ഓവറിൽ 134 റൺസിന് ആതിഥേയർക്ക് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ത്യക്ക് വേണ്ടി ബ്രാർ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ, അൻഷുൽ കമ്പോജ്, ആഖിബ് നബി എന്നിവർ രണ്ട് വിക്കറ്റുകൾ വീതമെടുത്തു. അർഷ്ദീപ് സിങ്ങിന് വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ നിരയിൽ താരമാണ് ഏറ്റവും എക്കോണമിക്കലായി പന്തെറിഞ്ഞത്. ആദ്യ കളിയിലെ ജയത്തിന്റെ ആവേശത്തിലാണ് രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ലീഡ് വർധിപ്പിക്കുകയാണ് ടീമിന്‍റെ ലക്ഷ്യം.